തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ പ്രഖ്യാപിച്ച ശന്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശകൾ നടപ്പാക്കേണ്ടത് അടുത്ത സർക്കാരാകും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ശന്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചാൽ ഹിയറിംഗുകൾ നടത്തി റിപ്പോർട്ട് സമയപരിധിക്കുള്ളിൽ തയാറാക്കിയാൽ പോലും ഈ സർക്കാരിന്റെ കാലത്തു നടപ്പാക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജീവനക്കാരെ പറ്റിക്കാനുള്ള സർക്കാരിന്റെ അടവു തന്ത്രമായാണ് സർവീസ് സംഘടനകൾ ശന്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനത്തെ കാണുന്നത്.
ഒന്നര മാസത്തിനകം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവരും. ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശകൾ ഈ സമയം സർക്കാരിനു നടപ്പാക്കാനാകില്ല. ഇതാണ് തുടർന്നു വരുന്ന സർക്കാരിന്റെ കാലത്താകും പരിഷ്കരണം നടപ്പാക്കുകയെന്ന് അവർ പറയുന്നത്. അഞ്ചു വർഷം കണക്കാക്കി ശന്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം.
ക്ഷാമബത്ത കുടിശിക ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നൽകുമെന്നും പറയുന്നു. അഞ്ചു ഗഡുക്കളായി 13 ശതമാനം ഡിഎ കുടിശികയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നിലവിലുള്ളത്. ഇതിൽ ആദ്യഗഡു ഫെബ്രുവരിയിൽ നൽകുമെന്നാണ് പ്രഖ്യാപനം. അതായത് മൂന്നു ശതമാനം ഡിഎ മാർച്ചിൽ ലഭിക്കുന്ന ശന്പളത്തിനൊപ്പം വിതരണം ചെയ്യും. ബാക്കി വരുന്ന ഡിഎ മാർച്ചിലെ ശന്പളത്തിനൊപ്പം തെരഞ്ഞെടുപ്പു മാസമായ ഏപ്രിലിൽ നൽകുമെന്നാണ് പ്രഖ്യാപനം.
എന്നാൽ, അഞ്ചു വർഷ കാലാവധി കണക്കാക്കി ശന്പള പരിഷ്കരണം നടത്തുന്പോൾ 2024 ജൂലൈ മുതലാണ് പരിഷ്കരണം നിലവിൽവരേണ്ടത്. അങ്ങനെയെങ്കിൽ 2024 ജൂലൈ മുതലുള്ള ഡിഎ ശന്പള പരിഷ്കരണ കമ്മീഷന്റെ പരിധിയിൽ വരണം. ഇതുകൂടി ഉൾപ്പെടുത്തി ശന്പള പരിഷ്കരണം നടപ്പാക്കുന്പോൾ സംസ്ഥാനത്തിന് അധിക ബാധ്യത വരുമെന്ന തത്വം കൂടി ഉയർന്നുവരുന്നു. എന്നാൽ, ഏതു നിലപാടാണ് സ്വീകരിക്കുകയെന്ന പൂർണ വാദം ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. ഇതിനാൽ ജീവനക്കാർക്കിടയിലും ആശങ്കയുണ്ട്.
പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചതോടെ പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി ഇനി സംസ്ഥാനത്തു മടങ്ങിയെത്തില്ലെന്ന് ഉറപ്പായി.